ശബ്ദം: ഒ.വി. വിജയൻ

 

ഭാഷയിലെ വാക്കുകളിലും, വാക്കിന്റെ അർഥങ്ങളിലും വിശ്വാസം പോരാഞ്ഞ് തന്റെ സൃഷ്ടിയെ മിക്കവുറ്റതാക്കാൻ പുതിയ വാക്കുകളും പ്രയോഗങ്ങളും നിർമ്മിച്ചെടുത്ത ഒരു സാഹിത്യകാരൻ നമുക്കുണ്ടായിരുന്നു. തന്റെ കാഴ്ചകൾക്കും, തീർച്ചകൾക്കും അത്രയധികം വ്യക്തത ഉറപ്പു വരുത്തിയ വ്യക്തിത്വം. 


എളുപ്പം നടന്നെത്താവുന്ന ശരികളിൽ ഉത്തരം തേടാത്ത അദ്ദേഹത്തിന്റെ വിചാരങ്ങൾ പ്രചാരത്തിലിരിക്കുന്ന ധാരണകളെ സംശയിച്ചു. ചരിത്രത്തിന്റെ നിലക്കാത്ത ഒഴുക്കിൽ രൂപം പ്രാപിച്ച വ്യാജ യുക്തികൾ സമൂഹത്തിന്റെ രസതന്ത്രത്തെ അലോസരപ്പെടുത്തിയപ്പോൾ സ്വത സിദ്ധമായ ശാന്തത നീക്കിവെച്ച് അദ്ദേഹം തന്റെ തൂലികയിലൂടെ ഗർജിച്ചു.

വ്യക്തിത്വത്തിന്നതീതമായി സമൂഹത്തിന്റെ ലയത്തിന് പ്രാധാന്യം നൽകിയ യഥാർത്ഥ വിപ്ലവകാരി. ഖസാക്കിന്റെ ഇതിഹാസം എന്ന ഒരു കൃതിയിലൂടെ മലയാള സാഹിത്യത്തിന് പുതിയ ദിശ നൽകിയ ഒ.വി. വിജയൻ. അന്നോ ഡോമിനി (ക്രിസ്തുവിന് ശേഷം) എന്നും BC (ക്രിസ്തുവിന് മുമ്പ്) എന്നും ചരിത്രകാരന്മാർ ചരിത്രത്തെ തരം തിരിക്കും പോലെ ഖസാക്കിനു മുമ്പും ഖസാക്കിന് ശേഷവുമെന്ന് നിരീക്ഷകർ ഇന്ന് മലയാള സാഹിത്യത്തെ ഭാഗിക്കുന്നു. 


കാല്പനികതയുടെ സാധ്യതകളിലേക്ക് മലയാള സാഹിത്യത്തെ കൈപിടിച്ച് കൊണ്ടുവരുകയും, അതിലുപരി, സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ മാജിക്കൽ റിയലിസം എന്ന സാഹിത്യ ശാഖയെ ഉപയോഗിക്കുകയും ചെയ്ത അസാമാന്യ പ്രതിഭ. പൊതു വിദ്യാഭ്യാസം, സദാചാര വാദം തുടങ്ങി ദേശീയ രാഷ്ട്രീയം വരെ പ്രമേയമായ അദ്ദേഹത്തിന്റെ കൃതികളിൽ ഗഹനമായ സന്ദേശങ്ങളുടെയും, യഥാർത്ഥ സംഭവങ്ങളുടെയും ഒക്കെ റഫറൻസുകൾ കാണാം. 


മതത്തിന്റെയും, മതേതരത്വത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയുമെല്ലാം വ്യാജ പതിപ്പുകളെ തന്റെ കഥകളും കഥാപാത്രങ്ങളുമാക്കി വിമർശന വിധേയമാക്കിയ ആ തൂലിക പക്ഷെ അംഗീകരിക്കപ്പെട്ടത് ഏറെ വൈകിയാണ്. എഴുത്തുകാരനിലുപരി കാർട്ടൂൺിസ്റ്റും, കവിയും, പത്രപ്രവർത്തകനുമൊക്കെയായിരുന്ന അദ്ദേഹത്തിന്റെ അസാധാരണമായ രചനാ ശൈലിയെ പ്ലേജറിസം എന്ന് മുദ്ര കുത്തി സReference ്കാദമികളുടെ അംഗീകാരത്തിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്. കാരണമാകട്ടെ മുഖം നോക്കാതെയുള്ള ആക്ഷേപങ്ങളും, അപ്രിയ സത്യങ്ങളെ ഏറ്റവും സരസമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച ചാതുര്യവും. 


അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തെ ഭയന്ന് പേന അകറ്റി വെച്ച എഴുത്തുകാരുടെ കൂട്ടത്തിൽ ചേരാതെ ധർമ്മപുരാണം പോലെയുള്ള വിവാദ കൃതികളിലൂടെ പോരാട്ടം തുടർന്ന വിജയന്റെ വാക്കുകളിൽ വിപ്ലവത്തോടൊപ്പം തന്നെ ആത്മീയതയും എഴുന്ന് നിൽക്കുന്നു. ഗുരുസാഗരത്തിലെ പെൺകുട്ടിയിലൂടെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മലയാളത്തിൽ സ്വീകാര്യത കൂട്ടിയപ്പോൾ, ധർമ്മപുരാണത്തിലൂടെ മനുഷ്യ ചിന്തയുടെ ഒരു മറുവശം തേടിപ്പിടിക്കുവാനാണ് വായനക്കാരനെ ആ വാക്കുകൾ പ്രചോദിപ്പിക്കുന്നത്. 


എപ്പോളും ഭൂമിക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന, മനുഷ്യ ദൃഷ്ടിക്ക് കാണാനാകാത്ത ചന്ദ്രന്റെ ഗോളാർദ്ധം പോലെ ഓരോ വ്യക്തിയുടെയും ഉള്ളിൽ പുറംകാഴ്ചയിൽ നിന്ന് മറഞ്ഞ് നിൽക്കുന്ന അഹങ്കാര്ത്തിന്റെ ഒരു സത്വം ഉണ്ടെന്നും, അധികാരത്തിന്റെ മത്തിൽ ആ സത്വം തലനീട്ടി പുറത്തുവരുമെന്നും സമർത്ഥിക്കുമ്പോൾ തെരഞ്ഞെടുത്ത പൗര വൃന്ദത്തിനു നേരെ കണ്ണടച്ച് കടന്നു കളയുന്ന നേതാക്കന്മാർ ആധുനിക കാലത്തിന്റെ കുത്തകയല്ലെന്നത് വ്യക്തം. 


ദില്ലിയുടെ തെരുവുകളിലൂടെ റെട്രോ വേഷവും ധരിച്ച്, വായിൽ പുകയുന്ന പൈപ്പുമായി ചിന്താലോകത്ത് മനസ്സുറപ്പിച്ച് നടന്നു നീങ്ങിയിരുന്ന അദ്ദേഹവും ഒരുകാലത്ത് നമ്മളെ പോലെ ഡൽഹി- മലയാളി ആയിരുന്നുവെന്നത് അഭിമാനിക്കാനുള്ള വസ്തുതയാണ്. കക്ഷി രാഷ്ട്രീയം നോക്കാതെ നിശിതമായി വിമർശിച്ചും, പ്രത്യാഘാതങ്ങളെ ഭയക്കാതെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും, വാക്കിന്റെ തീഗോളങ്ങളെ അധികാരത്തിന്റെ പടക്കപ്പുരയിലേക്ക് നിസ്സംഗം എറിഞ്ഞുകൊടുത്ത് വലിയ പരിവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തുമെല്ലാം ഒ.വി. വിജയൻ തന്റെ ചിന്തകളുടെ സാധുത പരീക്ഷിക്കുകയുണ്ടായി. 


ജന്മജന്മാന്തര സംവാദങ്ങളും, മകനെ നഷ്ടപ്പെട്ട അച്ഛന്റെ വേദനയും ഒരെ കഥാ സമാഹാരത്തിൽ അവതരിപ്പിച്ച് വികാരങ്ങളാൽ അമ്മാനമാടി വിസ്മയിപ്പിച്ച ആ തൂലികക്ക് മഷി പുരട്ടിയ സാഹചര്യങ്ങൾ അദ്ഭുതപ്പെടുത്തുന്നവയാകുമെന്നത് തീർച്ച. 

പാലക്കട്ടെ സാധാരണ ഗ്രാമാന്തരീക്ഷത്തിൽനിന്ന്, വള്ളുവനാടിന്റെ ധീരതയും, മലയാണ്മയുടെ നിസ്സംഗതയും കൈമുതലാക്കി വടക്കേ ഇന്ത്യയിലേക്ക് തീവണ്ടി കയറിയ ഒരു ചെറുപ്പക്കാരനായ മാധ്യമ പ്രവർത്തകനാണ് പിന്നീട്‌ മലയാളത്തിലെ ഏറ്റവും മികച്ച കഥാ കൃത്താക്കി മാറിയത്.


ഭാഷയെ ധ്യാനിച്ച്, ഭാഷാ ദേവതയിൽ നിന്ന് പദങ്ങൾ കൈക്കൊണ്ട് അസംഭവ്യത്തെ സംഭവ്യവും, അസാധ്യത്തെ സാധ്യവുമാക്കുന്ന വിജയൻ കൃതികളിൽ നിറഞ്ഞ് നിൽക്കുന്ന സന്ദേഹത്തിന്റെയും, അതൃപ്തിയുടെയും സൂചനകൾ കൈചൂണ്ടിയത് ഇന്നിന്റെ കാലുഷ്യത്തിലെക്കോ, വരാനിരിക്കുന്ന കാലത്തിന്റെ അപകട സ്ഥിതിയിലേക്കോ.


ഒ.വി. വിജയൻ ഭാഷയുടെ സ്മൃതികളികലും, വിസ്മൃതികളും സംഭാഷണം തുടർന്നു കൊണ്ടിരിക്കുന്നു. ആ വാക്കുകളെ തൊടുമ്പോൾ വായനക്കാർ ജീവിതങ്ങളുടെ തുടർച്ചയെ സ്വന്തമാക്കുന്നു. അവിടെ കലർപ്പില്ലാത്ത സംവാദങ്ങളുടെ അവസാനമന്വേഷിച്ച് നാം വായന തുടർന്നു കൊണ്ടേയിരിക്കും. മടുക്കാതെ, വെറുക്കാതെ.





References: DC Books Summary, മനോരമ O.V. വിജയൻ


  


Popular posts from this blog

MYTHOLOGICAL TRAILS OF FRIENDSHIP : A SOCIOLOGICAL READING OF THE ‘SAKHYA’

Sunlit Valleys